അന്ന് ലോക വിഡ്ഢി ദിനമായിരുന്നു. പെട്ടെന്ന് ദൈവത്തിന്റെ ഒരു ഫോൺ കോൾ വന്നു. "നീ എവിടെയാ"? ഞാൻ പറഞ്ഞു, ഞാൻ എന്റെ നാട്ടിലുണ്ട്. വീണ്ടും ദൈവം ചോദിച്ചു - നീ ആരുടെയെങ്കിലും അടുത്താണോ ഇപ്പോൾ ഉള്ളത്? ദൈവത്തിന്റെ അടുത്ത ചോദ്യത്തിനും ഞാൻ മറുപടി പറഞ്ഞു, ഉണ്ട്. അതെ ഞാനൊരു ഭവന സന്ദർശന പരിപാടിയിലാണ്. തിരക്കിനിടയിൽ നിന്ന് കുറച്ചൊന്നു മാറി നിൽക്കാൻ ദൈവം എന്നോടാവശ്യപ്പെട്ടു. ദൈവം പറഞ്ഞു, നീ സങ്കടപ്പെടരുത്. എന്താണോ നമ്മൾ ഒരിക്കലും സംഭവിക്കരുത് എന്ന് ആഗ്രഹിച്ചത്, അത് സംഭവിച്ചു കഴിഞ്ഞു. എൻ്റെ ഹൃദയമിടിപ്പ് കൂടി വന്നു, എന്താണ് പറയുന്നത് എന്ന് ഒന്ന് തെളിയിച്ചു പറയുമോ എന്നു ഞാൻ ദൈവത്തോടു പറഞ്ഞു. ദൈവം പറഞ്ഞു, ആ നിഷ്കളങ്കത ഇനിയില്ല, അവൾ മരിച്ചു! പെട്ടന്നത് കേട്ടപ്പോൾ ആദ്യം എൻ്റെ ശ്വാസം നിലച്ചത് പോലെ തോന്നി. പെട്ടെന്നാണ് ഓർമ്മ വന്നത്, ഇന്ന് ലോകവിഡ്ഢി ദിനം ആണല്ലോ എന്ന്. ഞാൻ ദൈവത്തോട് പറഞ്ഞു, വിഡ്ഢിയാക്കുകയൊക്കെ ചെയ്തോളൂ, എന്നാൽ ജീവനോടെ ഇരിക്കുന്ന ഒരാളെ കൊന്നിട്ട് വിഡ്ഢിയാക്കരുത്.പക്ഷെ ദൈവം ഗൗരവത്തിലാണ്. അവൻ വീണ്ടും അതേ വാചകം ആവർത്തിച്ചു പറഞ്ഞതോടെ ഞാൻ തളർന്നു പോയി. എന്റെ ദൈവമേ .. എന്ന് ഞാൻ നിലവിളിച്ചത് കേട്ട് ചുറ്റുമുള്ളവർ ഓടിയെത്തി. ഞാൻ ഒരു നിമിഷം സ്തബ്ദ ആയി പോയി. ശ്വാസം നിലച്ചത് പോലെ തോന്നി ക്കൊണ്ടിരുന്നു. വീണ്ടും പ്രതീക്ഷയുടെ തരിമ്പ് ബാക്കി വച്ച് ഞാൻ പറഞ്ഞു, ഇങ്ങനെ ആരെയും പറ്റിക്കരുത് കേട്ടോ എന്ന്. ... പക്ഷെ ദൈവം പറഞ്ഞു, ടെൻഷൻ അടിക്കരുത് നീ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടണം. ഇനി നമുക്കിടയിൽ അവൾ ഇല്ല. അവളുടെ ഓർമ്മകൾ മാത്രമേ ഉള്ളൂ....
ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി എനിക്ക്. കൈയും കാലും മുന്നോട്ടു ചലിക്കുന്നില്ല. ചുറ്റുമുള്ളവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ എന്തൊക്കെയോ അവരോട് പറയുകയും ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാൻ പറ്റുന്നുണ്ട്. മറ്റെല്ലാം പകുതിബോധത്തിൽ മാത്രമായിരുന്നു. ദൈവത്തിന്റെ ഫോൺ നിശബ്ദമായിക്കഴിഞ്ഞു. പിന്നീട് എനിക്കൊന്നും സംസാരിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടക്കുകയാണ് ഞാനെന്നും എനിക്ക് തിരിച്ചറിയാൾ പറ്റുന്നുണ്ട്. കൂടെയുണ്ടായിരുന്നവർ എനിക്കൊപ്പം തിരിച്ചു നടക്കുന്നുണ്ട് എന്നും തിരിച്ചറിയുന്നുണ്ട്. എന്നാലും ദൈവം പറഞ്ഞ വാക്കുകളുടെ ഞെട്ടൽ ശരീരത്തെയും മനസ്സിനെയും തകർത്തു കഴിഞ്ഞു. എങ്ങനെ സഹിക്കും? അവളോടൊപ്പം കൂടെയുണ്ടായിരുന്നവരേയെല്ലാം ഒരു വിഡ്ഡിദിനത്തിൽ വിഡ്ഢികളാക്കിയാണ് ആ നിഷ്കളങ്കത ഈ ഭൂമിയെ വിട്ട് കടന്നു പോയത്. അവൾ ദൈവമെന്ന് വിളിച്ചിരുന്ന മനുഷ്യ ദൈവത്തിന്റെ അടുത്തുനിന്ന് യഥാർത്ഥ ദൈവത്തിന്റെ അടുത്തേക്ക്. ആ യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കിയേ മതിയാകൂ എന്ന് എൻ്റെ സ്വബോധം എന്നെ ഓർമപ്പെടുത്തി തുടങ്ങിയെങ്കിലും മനസ്സ് മരവിച്ചു കഴിഞ്ഞിരന്നു.
പിറ്റേന്ന്, നിലവിളിക്കിന്റെ ദീപത്തിൽ നിന്ന് നെയ്പ്പന്തത്തിലേക്ക് തീ നാളമായി പകർന്നു, അത് പിന്നെ പന്തത്തിൽ നിന്ന് ചിതയിലേക്കും. ആ നിഷ്കളങ്ക പുത്രിയുടെ മകൻ ചിത കൊളുത്തുമ്പോൾ അത് നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ കൂടെ ഒരു നിഴൽ പോലെയാണ് ഞാൻ കണ്ടത്. ആ തീനാളങ്ങൾ വളരെ വേഗം ആ നിഷ്കളങ്കതയെ വിഴുങ്ങി. അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്ന പുക നോക്കി ഞാൻ നിന്നു. കൂടെ ദൈവവും ദൈവത്തിന്റെ കൂട്ടുകാരനും എൻ്റെ ഭർത്താവും. കാർമേഘങ്ങളെ വിഴുങ്ങു മാറ് പുക അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി പടർന്നുകൊണ്ടിരുന്നു. കറുത്തിരുണ്ട കാർമേഘം പോലെ ആ പുകചുരുളുകൾ ഉയർന്നുകൊണ്ടേയിരുന്നു. അത് നോക്കി നിന്ന് ഞങ്ങൾ നെഞ്ചിലെ ഭാരവും പേറി നിലയ്ക്കാതെ കണ്ണുനീർ പ്രവാഹത്തെ തടുത്തു നിർത്താൻ ശ്രമിച്ചുകൊണ്ട് പതിയെ തിരിഞ്ഞു നടന്നു. ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം യാത്രയായ അവൾ ഈ ലോകത്ത് ജീവിച്ചതിനേക്കാൾ നിഷ്കളങ്കയായി അവിടെ, പരലോകത്ത് ജീവിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ അവിടെ നിന്നും മടങ്ങി.
2018 ഏപ്രിൽ മാസം. ദൈവത്തിന്റെ ഫേസ്ബുക്കിൽ ഒട്ടും പ്രതീക്ഷിക്കാതെ നിഷ്കളങ്കതയുടെ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. ദൈവം ഞെട്ടിത്തരിച്ചു പോയി. ഇതെപ്പോഴാണ് അവൾ ദൈവത്തിൻ്റെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ പുറത്തു പോയതെന്നും ദൈവത്തെ ഒഴിവാക്കിയത് എന്നും ദൈവം ആലോചിച്ചു. തൻ്റെ സുഹൃത്ത് താൻ പോലും അറിയാതെ ഒഴിവായി പോയത് ദൈവം അറിഞ്ഞിരുന്നില്ല. എന്നാലും തെല്ല് അതിശയത്തോടെ ദൈവം ആ റിക്വസ്റ്റ് വീണ്ടും സ്വീകരിച്ചു. ദൈവവവും കൂട്ടുകാരനും ഒരു യാത്രയമായിരുന്നു. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ശേഷം ദൈവമവളെ ഫോണിൽ വിളിച്ചു. നീ എവിടെയായിരുന്നു ഇത്രയും കാലം ദൈവം അവളോട് ചോദിച്ചു. അവൾ പറഞ്ഞു, പലരുടേയും സമ്മർദ്ദത്തിന് വഴങ്ങി ദൈവമായ നിന്നെ ഞാൻ സുഹൃത്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടിവന്നു. നീ എന്നോട് ക്ഷമിക്കണം. ദൈവം പറഞ്ഞു സാരമില്ല പോട്ടെ, ഇനി പറയൂ, എന്താണിപ്പോൾ നീ തിരികെ വന്ന് എന്നെ ഫ്രണ്ടാക്കിയത്? അവൾ പറഞ്ഞു - ഞാൻ എല്ലാത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്, ഞാൻ ഈ ലോകത്ത് നിന്ന് രക്ഷപ്പെടുമ്പോൾ മനുഷ്യ ദൈവമായ നീ എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഉണ്ടാവണം എന്ന് എനിക്ക് തോന്നി. നിന്നെ മാറ്റി നിർത്തേണ്ടിയിരുന്നില്ല എന്ന് ബോധ്യമായതിനാൽ ആണ് ഞാൻ ഇപ്പോൾ ഈ സോഷ്യൽ മീഡിയ റിക്വസ്റ്റ് അയച്ചത്. വളരെ സ്വരം താഴ്ത്തി, ഒരു നിശ്വാസം പോലെയുള്ള അവളുടെ സംഭാഷണത്തിൽ ദൈവത്തിന് എന്തോ ആസ്വാഭാവികത തോന്നിയെങ്കിലും സ്വതസിദ്ധമായ തമാശയോടെ ദൈവം അവളോട് ചോദിച്ചു - നീ തീരെ അവശതയിലാണല്ലോ? നീ ഇന്നൊന്നും കഴിച്ചില്ലേ? ഒരു വിതുമ്പലും ശബ്ദമടക്കിയുള്ള ഒരു കരച്ചില്ല ദൈവം തൻ്റെ ചെവികളിലൂടെ കേട്ടു. എങ്കിലും ദൈവം ചോദിച്ചു, കഴിഞ്ഞ മൂന്നു നാല് കൊല്ലം നീ എവിടെയായിരുന്നു? നിൻ്റെ ബിസിനസ് ഒക്കെ മെച്ചപ്പെടുത്തി നീ വലിയ കോടീശ്വരയായി കാണും അല്ലേ? ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിലേക്കുമൊക്കെ നീ നിന്റെ കമ്പനി വലുതാക്കി കാണുമല്ലോല്ലേ? തിരക്ക് കാരണമായിരിക്കും നീ എന്നെ ഇത്രയും കാലം വിളിക്കാതിരുന്നത് അല്ലേ? ദൈവം പിന്നെയും എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ മറുതലയ്ക്കൽ നിശബ്ദയുടെ ഒരു വിതുമ്പൽ മാത്രമായിരുന്നു പ്രതികരണം. ഒടുവിൽ അവിടെ നിന്ന് അൽപ്പം ഉച്ചത്തിലുള്ള ഒരു കാച്ചിലുയർന്നു. കണ്ഠം ഇടറി വാക്കുകൾ മുറിഞ്ഞു അവൾ എന്തോ പറയാൻ ശ്രമിച്ചു. പിന്നെ അവൾ പൊട്ടിക്കരഞ്ഞു. ദൈവമാകെ പരിഭ്രാന്തനായി. കരയാതെ നീ കാര്യം പറയൂ മകളേ എന്ന് ദൈവം അവളോട് പറഞ്ഞു. അവൾ പറഞ്ഞു, ഞാൻ രണ്ട് ദിവസമായി എന്തെങ്കില്ലം കഴിച്ചിട്ട്. കുറച്ചു ദിവസങ്ങളായി ഞാനും എന്റെ മകനും ഒരു പാക്കറ്റ് ബിസ്കറ്റും ഒരു കുപ്പി വെള്ളവും കൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. ഇന്ന് രാത്രി കഴിഞ്ഞാൽ ഈ കിടന്ന് ഉറങ്ങുന്ന വീട്ടിൽ നിന്ന് പോലും ഞങ്ങൾ ഇറങ്ങി കൊടുക്കണം. ഇനി ഒരു പാക്കറ്റ് ബിസ്കറ്റും ഒരു കുപ്പിവെള്ളവും മാത്രമാണ് ഉള്ളത്. ആ വാക്കുകൾ കേട്ടതും ദൈവം പകച്ചിരുന്നു പോയി. ദൈവം സഞ്ചരിച്ചിരുന്ന തീവണ്ടി അപ്പോഴും വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.
എന്താണ് ഇവൾ ഈ പറയുന്നത്? ദൈവം അതിശയിച്ചു. മലയാറ്റൂർ മലകയറുന്നതിന്നുള്ള യാത്രയിൽ ആയിരുന്നു ദൈവം. മലയാറ്റൂർ മലയും കയറി വേളാങ്കണ്ണിയിലും തഞ്ചാവൂരിലും പോകാൻ വേണ്ടിയാണ് ദൈവവും കൂട്ടുകാരനും പുറപ്പെട്ടിരുന്നത്. അതിനുള്ള പണവും സാധനങ്ങളും അവർ കരുതിയിരുന്നു. ദൈവം അവളോട് ചോദിച്ചു നിനക്കും മകനും വിശക്കുന്നില്ലേ? നിഷ്കളങ്കയിൽ നിന്ന് നിഷ്കളങ്കമായ ഒരു മറുപടി വന്നു. വിശക്കുന്നുണ്ട് പക്ഷേ ഒരു മാർഗ്ഗവുമില്ല. ഒരു കുപ്പി വിഷം വാങ്ങേണ്ട കാശ് കയ്യിൽ ഉണ്ട് അത് വാങ്ങി കുടിച്ച് മരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എനിക്ക് മുൻപിൽ മറ്റൊരു വഴിയുമില്ല- അവൾ പറഞ്ഞു. ദൈവം ചിരിച്ചു. നിനക്ക് മരിക്കണമെങ്കിൽ മരിക്കാം പക്ഷേ നീ ഒരു അര മണിക്കൂർ കൂടി കഴിഞ്ഞ് മരിച്ചാൽ പോരേ? മരിക്കരുത് എന്ന് പറയാൻ ഞാൻ ആളല്ല. നിനക്കും മകനും വേണമെങ്കിൽ മരിക്കാം. പക്ഷേ നിങ്ങളുടെ വിശപ്പ് മാറ്റിയതിനുശേഷം മാത്രമേ നിങ്ങൾ മരിക്കാൻ പാടുള്ളൂ എന്ന് എനിക്ക് ഒരു താൽപര്യമുണ്ട്. ഒരു അര മണിക്കൂർ കൂടി കഴിഞ്ഞിട്ട് മതി. അത് വരെ നീ കാത്തിരിക്കുക. തന്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് പൈസ അയക്കാനുള്ള ആധുനിക വഴികളൊന്നും ദൈവത്തിന് അറിയില്ലായിരുന്നു. ആകെ അറിയുന്നത് ലോകാരംഭം മുതൽ ഉള്ള അൽപം കരുണ കൈകാര്യം ചെയ്യാൻ മാത്രമായിരുന്നു താനും. ദൈവം സുഹൃത്തിനോട് ചോദിച്ചു, അവൻ്റെ പക്കലെ ഫോണിൽ നിന്ന് പണമയക്കാൻ സൗകര്യമുണ്ടോ എന്ന്. സുഹൃത്തു ഉണ്ടെന്ന് പറഞ്ഞു. ദൈവം അവളോട് പറഞ്ഞു, നിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐഎഫ്സി കോഡും അയച്ചു തരണം. അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഞാൻ നിന്നെ തിരികെ വിളിക്കും അപ്പോൾ നീ ഫോൺ എടുക്കുകയും വേണം. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ദൈവത്തിന്റെ ഫോണിൽ മെസ്സേജ് വന്നില്ല ദൈവത്തിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ദൈവം വെപ്രാളപ്പെട്ടു. അവളെ വിളിക്കുവാൻ ദൈവം ഫോൺ കയ്യിൽ എടുത്തു നമ്പർ ഡയൽ ചെയ്യുന്നതിനിടയ്ക്ക് ഫോണിൽ മെസ്സേജ് വന്നു. അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡും. മല കയറും മുൻപ് ദൈവം കൂട്ടുകാരനെയും കൂട്ടി അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപത്തെ ബാങ്കിലെത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവളുടെ മെസ്സേജ് വന്ന അക്കൗണ്ടിലേക്ക് 5000 രൂപ അയച്ചുകൊടുത്തു. തൊട്ടു പുറകെ ദൈവത്തിന്റെ ഫോൺവിളി അവൾക്ക് ചെന്നു. നിന്റെ അക്കൗണ്ടിലേക്ക് ഞാൻ ഒരു 5000 രൂപ അയച്ചിട്ടുണ്ട് അത് എടുത്ത് നീയും നിന്റെ മകനും വയറുനിറയെ ഭക്ഷണം കഴിക്കണം എന്നിട്ട് വീട്ടിലേക്ക് കൊണ്ടു വരാനും എന്തെങ്കിലും വാങ്ങണം. ആ പണം തീരുവോളം നീ ഭക്ഷണം കഴിച്ച് ജീവിച്ചിരിക്കണം. അതിനുശേഷം നീ മരിക്കുകയോ ജീവിക്കുകയോ ചെയ്യുക. അതിന് മുൻപ് നിനക്ക് വീണ്ടും ഭക്ഷണം കിട്ടുമെങ്കിൽ അതും തീരുന്നിടം വരെ നീ ജീവിക്കണം. ഇപ്പോൾ ആദ്യം രണ്ടുപേരുടെയും വയറു നിറയ്ക്കുക. നിന്നോട് മരിക്കണ്ട എന്നൊന്നും ഞാൻ പറയില്ല. പക്ഷേ അത് വയറു നിറച്ചതിനുശേഷം മാത്രം മതി. ദൈവത്തിന്റെ ആ വാക്ക് കേട്ട് അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു. വാവിട്ടു നിലവിളിച്ചു. അവളും മകനും ദൈവം പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ചു. ദൈവവും കൂട്ടുകാരനും മലയാറ്റൂർ മല നടന്നു കയറാൻ തുടങ്ങി....... (തുടരും)
ഷിജിന സുരേഷ്
The story of an innocent pearly white dove